Top Ad 728x90

Thursday, January 3, 2019

മുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട; അകറ്റാം ഈ വഴികളിലൂടെ

ആയുർവേദ ശാസ്ത്രപ്രകാരം അസ്ഥി ധാതുവിന്റെ ഉപധാതുവായിട്ടാണു മുടികളെ കാണുന്നത്. ജീവനില്ലെങ്കിലും മുടിയുടെ കോശങ്ങൾ വളരും. നാം മരിച്ചശേഷവും നമ്മുടെ മുടി ഏതാനും ദിവസം വളർന്നു കൊണ്ടേയിരിക്കുമെന്നു കൂടി കേട്ടോളൂ.

നമുക്ക് 20 വയസ്സാകുമ്പോഴേക്കും മുടിയുടെ തഴച്ചു വളരൽ പൂർണമാകും. പുരുഷന്മാരുടെ ഹോർമോൺ വ്യത്യാസം മൂലം മീശയും താടിയും വളരും. കഷണ്ടിയും വന്നേക്കാം. ഏതു മുടി കത്തിയാലും രൂക്ഷഗന്ധം ഉണ്ടാകാറില്ലേ? അതിനു കാരണം നമ്മുടെ മുടിയിൽ സൾഫറുള്ളതുകൊണ്ടാണ്. കാൽസ്യം, അയൺ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയും മുടിയിലുണ്ട്.
തലയിൽ പൊതുവേ വിയർപ്പു കൂടും. അതിനാൽ ദിവസവും തലകഴുകി വൃത്തിയാക്കണം. കുളി തണുത്ത വെള്ളത്തിലോ നേരിയ ചൂടുവെള്ളത്തിലോ ആകാം. കപ്പു കൊണ്ടു കോരിക്കുളിക്കുന്നതിനേക്കാൾ ഷവറിലെ കുളിയാകും മുടിക്കു നല്ലത്. കുളിക്കുന്നതിനു സമയമുണ്ട്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെകുളിക്കേണ്ട സമയമല്ല. അധിക വെയിലും ചൂടും മുടിക്കു പറ്റില്ല. അടുപ്പിനകത്തു നിന്നു പണിയെടുത്താലും ഉറക്കമൊഴിച്ചാലും ഉപ്പും മുളകും അമിതമായി കഴിച്ചാലും മുടി കൊഴിയും. തലയിൽ പേനുണ്ടായാലും ചെറിയ ചെള്ളുണ്ടായാലും താരനുണ്ടായാലും മുടി കൊഴിയും. കുളിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ ആ വെള്ളത്തിലെ പൂപ്പൽ മൂലം മുടി മുഴുവൻ കൊഴിഞ്ഞ് ഏതാനും ദിവസത്തിനകം കഷണ്ടിവരെയാകും. തിളപ്പിച്ചാറ്റിയ വെള്ളമാകുമ്പോൾ പൂപ്പലിന്റെ റിസ്ക്കില്ല.
ടെൻഷൻ കൂടിയാലും ഭയമുണ്ടായാലും ശോകഭാവത്തിലായാലും ഇടയ്ക്കിടെ ഇറിറ്റേഷൻ വന്നാലും മുടികൊഴിച്ചിൽ വരാം. ചൊറിയും കുരുക്കളും തലയിലുണ്ടായാലും മുടി കൊഴിയും. പ്രമേഹം കടുത്താലും  വെള്ളം കുടി കുറഞ്ഞാലും ചായയും കോളയും മദ്യവും കൂടിയാലും മുടി കൊഴിയാം. സ്ത്രീകളിൽ മാസമുറ കൃത്യമല്ലെങ്കിലും മുടി കൊഴിയും. ഷാംപൂവും സോപ്പും അധികം ഉപയോഗിച്ചാലും  മുടികൊഴിച്ചിൽ ഉറപ്പ്. സോപ്പിനും ഷാംപൂവിനും പകരം ചെറുപയർ പൊടിയോ കടലപ്പൊടിയോ ആകാമല്ലോ. ഇനി ഷാംപൂ തന്നെ വേണമെങ്കിൽ ചെമ്പരത്തിയുടെ ഇലയും ആര്യവേപ്പിന്റെ ഇലയും ഓരോ പിടിയും രണ്ടു ചെമ്പരത്തിപ്പൂവും ചേർത്തു മിക്സിയിലിട്ട് അടിച്ചാൽ ഒന്നാന്തരം ഷാംപൂവായി.
ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ മുടി വളരും. പച്ചക്കറികളോടൊപ്പം മുള്ളുള്ള മൽസ്യമാവാം. ആട്ടിറച്ചിയും പോത്തിറച്ചിയുമാവാം. പക്ഷേ, കോഴിയും കോഴിമുട്ടയും വേണ്ട. പാലാകാം. എള്ളാണു മുടിക്ക് ഏറ്റവും പറ്റിയത്. എള്ള് കഴുകി വൃത്തിയാക്കി അതു വറുത്തു ചുക്കുപൊടിയും ശർക്കരയും ചേർത്തു (10 ഗ്രാം) രണ്ടു നേരം കഴിച്ചാൽ മുടി വളരും.
ഒരസുഖവുമില്ലെങ്കിൽ മുടി നന്നായി വളരാൻ ശുദ്ധമായ നല്ലെണ്ണ മതി. കൈവിരൽ കൊണ്ടു തലയോട്ടിയിലും മുടിയിഴകളിലും എണ്ണ തേച്ചു പിടിപ്പിക്കണം. ചിലർക്കു നല്ലെണ്ണ തേച്ചാൽ താരൻ വരും. അവർക്കു വെളിച്ചെണ്ണയാകാം. ആവണക്കെണ്ണയാകാം, കടലെണ്ണയാവാം. അല്ലെങ്കിൽ ഒലിവെണ്ണയാകാം.
മുടികൊഴിച്ചിൽ തടയാൻ നല്ലൊരു മരുന്നുണ്ട്. ഉണങ്ങിയ നെല്ലിക്കാത്തോട് ഒരു ഗ്ലാസ്സിന്റെ പകുതിവരെയിട്ട്, അതിനു മുകളിൽ മോര് ഒഴിച്ച് രണ്ടു മണിക്കൂർ കുതിർക്കുക. അത് അരച്ച് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച്, ഒന്നര മണിക്കൂറിനുശേഷം കുളിക്കുക. താരനുണ്ടെങ്കിൽ അതും പോകും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മതി. അല്ലെങ്കിൽ കഫക്കെട്ട് വരും.
മുടി നന്നായി വളരാൻ നല്ലൊരു എണ്ണ വീട്ടിലുണ്ടാക്കാനുള്ള വിദ്യ പറഞ്ഞുതരാം. ഒരു ലീറ്റർ നല്ലെണ്ണയിൽ 150 ഗ്രാം കഞ്ഞുണ്ണിയും 150 ഗ്രാം ബ്രഹ്മിയും 50 ഗ്രാം മൈലാഞ്ചിയും 100 ഗ്രാം ആര്യവേപ്പിൻ ഇലയും (ഇലകൾ വെള്ളത്തിലിട്ടു നീരു പിഴി ഞ്ഞെടുത്ത് എണ്ണയിലൊഴിക്കണം) ചേർത്തശേഷം അഞ്ചുഗ്രാം അഞ്ജനം, പൊടിച്ചിട്ട് എണ്ണ കാച്ചി വറ്റിച്ചെടുക്കുക. ഇതു തേച്ചാൽ മുടി വളരും. 

Top Ad 728x90